This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്യൂറി, മേരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്യൂറി, മേരി

Curie, Marie (1867 - 1934)

മേരി ക്യൂറി

നോബല്‍ സമ്മാനിതയായ പോളിഷ്-ഫ്രഞ്ച് ശാസ്ത്രജ്ഞ. രണ്ടു പ്രാവശ്യം നോബല്‍ സമ്മാനാര്‍ഹയായ (1903, '11) ആദ്യവ്യക്തിയും നോബല്‍സമ്മാനാര്‍ഹയായ ആദ്യവനിതയും ഫ്രാന്‍സില്‍ ഗവേഷണരംഗത്ത് ഉന്നതബിരുദം നേടിയ ആദ്യവനിതയുമാണ് മേരിക്യൂറി. റേഡിയോ ആക്റ്റീവതയില്‍ ഗവേഷണം നടത്തി 1903-ല്‍ ഭൗതികത്തിലും റേഡിയം വേര്‍തിരിച്ചെടുത്തതിന് 1911-ല്‍ രസതന്ത്രത്തിലുമാണ് നോബല്‍സമ്മാനം ലഭിച്ചത്. 1867 ന. 7-ന് പോളണ്ടിലെ വാര്‍സായില്‍ ജനിച്ചു. മാര്‍യ സ്ക്ളൊഡോവ്സ്ക എന്നാണ് യഥാര്‍ഥ നാമം; മാഡം ക്യൂറി എന്ന പേരാണ് പ്രശസ്തം.

മേരി ക്യൂറിയുടെ പിതാവ് വ്ളാദിസാസ്ക്ളൊദോവ്സ്കി ഭൗതികശാസ്ത്രാധ്യാപകനും അമ്മ ബ്രോണിസ്ലോവ സ്കൂള്‍ പ്രിന്‍സിപ്പലുമായിരുന്നു. പിതാവില്‍നിന്നാണ് മേരിക്കു ശാസ്ത്രതാത്പര്യം ലഭിച്ചത്. ആദ്യകാല അധ്യാപകനും പിതാവുതന്നെ. അവരുടെ കുടുംബം ജീവിച്ചിരുന്ന വാഴ്സ അന്ന് റഷ്യയിലെ സാര്‍ ചക്രവര്‍ത്തിയുടെ ഏകാധിപത്യത്തിന്‍ കീഴിലായിരുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന സാര്‍ ചക്രവര്‍ത്തിയുടെ ഭരണത്തിനെതിരെ പ്രവര്‍ത്തിക്കുന്ന പോളിഷ് ജനതയുടെ ഒരു സംഘടനയില്‍ രഹസ്യമായി പ്രവര്‍ത്തിച്ചതറിഞ്ഞ റഷ്യന്‍ അധികാരികള്‍ പിതാവിന്റെ സ്വത്തുകണ്ടുകെട്ടിയതുകൊണ്ട് കുടുംബം ദാരിദ്ര്യത്തിലായി. അഞ്ചുകുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനുള്ള കഴിവ് അവര്‍ക്കില്ലായിരുന്നു. മേരിക്കു 12 വയസ്സുള്ളപ്പോള്‍ ക്ഷയരോഗം ബാധിച്ച് അമ്മയും പിന്നീട് മൂത്ത സഹോദരിയും മരിച്ചു. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കായി, ചെറിയ കുട്ടികളെ സംരക്ഷിക്കുന്ന ഗവര്‍ണസിന്റെ ജോലി സ്വീകരിക്കാന്‍ 1885-ല്‍ മേരി നിര്‍ബന്ധിതയായി. ദേശീയ വിപ്ലവ പ്രസ്ഥാനത്തില്‍ മേരി താത്പര്യം കാട്ടിയെങ്കിലും പ്രധാന ആകര്‍ഷണം ശാസ്ത്രത്തോടായിരുന്നു. പോളണ്ടിന്റെ അന്നത്തെ സ്ഥിതിയില്‍ കൂടുതല്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യം മേരിക്കു ലഭിച്ചില്ല. ഉന്നത വിദ്യാഭ്യസത്തിന് മേരിയും മൂത്ത സഹോദരിമാരില്‍ ഒരാളായ ബ്രോണിസ്ളാവ്സ്കിയും ഒരു മാര്‍ഗം കണ്ടെത്തി. മേരി വീട്ടുവേലചെയ്ത് സമ്പാദിക്കുന്ന പണം കൊണ്ട് ആദ്യം സഹോദരി പാരിസില്‍ പോയിപഠിച്ച് ജോലിനേടുക; പിന്നീട് മേരിയെ പാരിസില്‍ പഠിക്കാന്‍ അവള്‍ സഹായിക്കും. ബ്രോണ്ടിസ്ളാവ പഠിച്ച് ജോലിനേടി പാരിസില്‍ താമസമാക്കി.

1891-ല്‍ മേരി പാരിസില്‍ എത്തി. ഫ്രഞ്ചുഭാഷയില്‍ മാരിയ എന്നത് മാരീ എന്നായി; ഇംഗ്ലീഷില്‍ മേരിയും. 1891-ല്‍ സോര്‍ബോണ്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു ഭൗതികശാസ്ത്രപഠനം തുടങ്ങി. കുടുംബിനിയായി കഴിഞ്ഞിരുന്ന സഹോദരിയെ ആശ്രയിക്കാതെ, ട്യൂഷന്‍ എടുത്തു കിട്ടുന്ന പണംകൊണ്ട് പഠിക്കാനാണ് മേരി തയ്യാറായത്. ദാരിദ്ര്യം

അനുഭവിച്ചുകൊണ്ടുതന്നെ പഠനം തുടര്‍ന്നു. 1893-ല്‍ ഒന്നാം റാങ്കില്‍ ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. സ്കോളര്‍ഷിപ്പോടെ ഗണിതശാസ്ത്രപഠനം നടത്തുകയും 1894-ല്‍ രണ്ടാം റാങ്കോടെ ബിരുദം നേടുകയും ചെയ്തു.

1894-ല്‍ മേരി ഭൗതികശാസ്ത്രജ്ഞനായ പിയേര്‍ ക്യൂറിയെ പരിചയപ്പെട്ടു; 1895-ല്‍ അവര്‍ വിവാഹിതരായി. റേഡിയോ ആക്റ്റിവതയെപ്പറ്റി ഗവേഷണം നടത്താനുള്ള മേരിയുടെ ഉദ്ദേശ്യം അതോടെ സജീവമായി. ഭൗതികശാസ്ത്രജ്ഞനായ ഭര്‍ത്താവ് അവരെ പ്രോത്സാഹിപ്പിച്ചു. യുറേനിയത്തിന്റെ റേഡിയോ ആക്റ്റിവത ഹെന്റി ബെക്വെറല്‍ കണ്ടെത്തിയ കാലമായിരുന്നു (1896) അത്. ബെക്വെറല്‍ കൈകാര്യം ചെയ്ത യുറേനിയം അയിരില്‍ (പിച്ച് ബ്ളെന്‍ഡ്) ഒരു പുതിയ മൂലകം കണ്ടേക്കാമെന്നു മേരി സംശയിച്ചു. ഭര്‍ത്താവിന്റെ ലബോറട്ടറി സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി മേരി ഗവേഷണങ്ങള്‍ ആരംഭിക്കുകയും തോറിയത്തിനും റേഡിയോ ആക്റ്റിവതയുണ്ടെന്നു തെളിയിക്കുകയും ചെയ്തു. റേഡിയോ ആക്റ്റിവത മൂലകാണുവിന്റെ ഗുണധര്‍മമാണെന്നും ന്യൂക്ലിയസ്സിന്റെ പ്രഭാവമാണെന്നും മേരി സമര്‍ഥിച്ചു.

യുറേനിയം ഖനിജങ്ങളായ പിച്ച്ബ്ളെന്‍ഡും ചാല്‍ക്കൊലൈറ്റും ശുദ്ധ യുറേനിയത്തെക്കാള്‍ റേഡിയോ ആക്റ്റിവതയുള്ളവയാണെന്ന് 1898-ല്‍ മേരി കണ്ടെത്തി. ഇവയില്‍ ശക്തമായ റേഡിയോ ആക്റ്റിവതയുള്ള ഏതോ മൂലകം അടങ്ങിയിരിക്കുന്നുണ്ട് എന്ന് അവര്‍ ഊഹിച്ചു. 1898 അവസാനത്തോടെ ശക്തമായ റേഡിയോ ആക്റ്റിവതയുള്ള റേഡിയം, പൊളോണിയം എന്നീ നവമൂലകങ്ങളുടെ സാന്നിധ്യം അവര്‍ രേഖപ്പെടുത്തി.

പിച്ച് ബ്ളെന്‍ഡില്‍ നിന്നു റേഡിയം ഉത്പാദിപ്പിക്കുക എന്നതായി മേരിയുടെ അടുത്ത ശ്രമം. ഇതിലേക്കായി ബൊഹീമിയയിലെ ഖനിയില്‍നിന്ന് എത്തിച്ച അയിര് സൂക്ഷിക്കാന്‍ തക്ക വലുപ്പം പരീക്ഷണശാലയ്ക്കുണ്ടായിരുന്നില്ല. അതിനാല്‍ ഒരു സ്കൂളിന്റെ പഴയ ഒരു മുറിയിലേക്കു ഗവേഷണശാല മാറ്റി സ്ഥാപിച്ചു. 1902-ഓടു കൂടി 100 മില്ലിഗ്രാം റേഡിയം ക്ലോറൈഡ് മേരി ശുദ്ധീകരിച്ചെടുത്തു. സാമ്പത്തിക പരാധീനതകള്‍ ഉണ്ടായിരുന്നിട്ടും പേറ്റന്റിനു ശ്രമിക്കാതെ റേഡിയം ഉത്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ അവര്‍ ലോകത്തിനു സൗജന്യമായി നല്കി.

ശുദ്ധീകരിച്ച റേഡിയത്തിന്റെ ഗുണധര്‍മങ്ങളെപ്പറ്റി ക്യൂറിദമ്പതികള്‍ കൂടുതല്‍ പഠനം നടത്തി. ഒരു ഗ്രാം റേഡിയം ഒരു മണിക്കൂറില്‍ 100 കാലറി ഉത്പാദിപ്പിക്കുന്നുവെന്നു കണ്ടെത്തിയത് പിയേര്‍ ക്യൂറിയാണ്. മറ്റുപദാര്‍ഥങ്ങളില്‍ റേഡിയോ ആക്റ്റിവത നിവേശിപ്പിക്കാനുള്ള റേഡിയത്തിന്റെ കഴിവും അവര്‍ കണ്ടെത്തി. റേഡിയത്തിന്റെ സമീപം സൂക്ഷിക്കുന്ന ലോഹഫലകങ്ങള്‍ സ്വയം റേഡിയോ ആക്റ്റിവത ആര്‍ജിക്കുന്നതായും അധികകാലം ആ സ്വഭാവം നിലനിര്‍ത്തുന്നതായും അവര്‍ മനസ്സിലാക്കി. 1903-ല്‍ മേരി തന്റെ സിദ്ധാന്തങ്ങള്‍ സര്‍വകലാശാലയ്ക്ക് സമര്‍പ്പിച്ചു. ആ വര്‍ഷം തന്നെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ക്യൂറി ദമ്പതികളും ബെക്വെറലും പങ്കിട്ടു.

1904-ല്‍ പിയേര്‍ ക്യൂറിക്കു സോര്‍ബോണ്‍ സര്‍വകലാശാലയുടെ അധ്യക്ഷപദവിയും മേരിക്ക് സ്കൂള്‍ അധ്യാപികയുടെ ജോലിയും ലഭിച്ചു. ഈ കാലത്താണ് റേഡിയോ പ്രസരം ഏറ്റതിന്റെ അസുഖങ്ങള്‍ മേരിക്ക് അനുഭവപ്പെട്ടുതുടങ്ങിയത്. റേഡിയേഷന്റെ ദൂഷ്യഫലങ്ങള്‍ അറിവില്ലാതിരുന്നതിനാല്‍ യാതൊരു പ്രതിരക്ഷയും സ്വീകരിക്കാതെയാണ് മേരി പരീക്ഷണങ്ങള്‍ നടത്തിയിരുന്നത്. മേരിയുടെ അന്നത്തെ നോട്ടുപുസ്തകം തൊടുന്നതുപോലും ഇന്നും അപകടകരമാണ്. 1906-ല്‍ പിയേര്‍ ക്യൂറി ഒരു റോഡപകടത്തില്‍ കൊല്ലപ്പെട്ടു; തുടര്‍ന്ന് ഭര്‍ത്താവിന്റെ ഔദ്യോഗിക പദവിയില്‍ മേരി അവരോധിക്കപ്പെട്ടു. ഗവേഷണരംഗം മെച്ചപ്പെടുത്തുന്നതിനും വരുമാനം ഉണ്ടാക്കുന്നതിനും അവര്‍ ബദ്ധപ്പെട്ടു. ഇതിനായി യു.എസ്സില്‍ പര്യടനം നടത്തിയ വേളയില്‍ ഏറ്റവും സ്വീകാര്യമായ സമ്മാനം ഏതാണെന്നു മേരിയോടു ചോദിച്ചപ്പോള്‍ ഒരു ഗ്രാം റേഡിയം എന്നായിരുന്നു അവരുടെ മറുപടി. ഒരു ലക്ഷം ഡോളര്‍ വിലമതിക്കുന്നു ഒരു ഗ്രാം റേഡിയവും കൊണ്ടാണ് അവര്‍ ഫ്രാന്‍സില്‍ മടങ്ങിയെത്തിയത്. കാര്‍ണെജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് അരലക്ഷം ഡോളറും അവര്‍ക്കു ലഭിച്ചു. തുടര്‍ന്ന് റേഡിയോ ആക്റ്റിവതയെക്കുറിച്ച് ഗവേഷണം നടത്താനായി 1912-ല്‍ സോര്‍ബോണില്‍ ക്യൂറി റേഡിയം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു.

റേഡിയവും പൊളോണിയവും കണ്ടുപിടിച്ചതിന് 1911-ലെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം മേരി ക്യൂറിക്കു ലഭിച്ചു. അതിപ്രഗല്ഭയായിരുന്നെങ്കിലും വിദേശിയും വിശിഷ്യാ വനിതയും ആയിരുന്നതിനാല്‍ അവരെ എങ്ങനെ ബഹുമാനിക്കണമെന്ന് ഫ്രഞ്ചുജനതയ്ക്കു പൂര്‍ണബോധം ഉണ്ടായിരുന്നില്ല. സ്ത്രീ ആയതുകൊണ്ട് ഫ്രഞ്ചുശാസ്ത്ര അക്കാദമിയിലേക്ക് നോമിനേഷന്‍ കിട്ടാതെ പോയത് അവര്‍ക്കു മാനസിക വ്യഥയുണ്ടാക്കി. പിന്നീട് മത്സരത്തില്‍ പങ്കെടുക്കാനോ അക്കാദമിയുടെ പ്രസിദ്ധീകരണങ്ങളിലേക്കു തന്റെ പഠനങ്ങളും സിദ്ധാന്തങ്ങളും നല്കാനോ അവര്‍ തുനിഞ്ഞില്ല. ഈ കാലഘട്ടങ്ങള്‍ മേരിക്കു വൈഷമ്യങ്ങള്‍ നിറഞ്ഞതായിരുന്നു. പിയേര്‍ ക്യൂറിയുടെ ശിഷ്യനും ഭൗതികശാസ്ത്രജ്ഞനുമായ പോള്‍ ലാങ്ഗെവിന്റെ പേരുമായി ചേര്‍ത്ത് മേരിയുടെ പേരില്‍ ചില പത്രക്കാര്‍ അപവാദങ്ങള്‍ തൊടുത്തുവിട്ടു. ലാങ്ഗെവിന് മേരി എഴുതിയ കത്തുകള്‍ മോഷ്ടിച്ച് പ്രസിദ്ധപ്പെടുത്തുകയും പിയേറിന്റെ മരണത്തില്‍ ദുരൂഹത ആരോപിക്കുകയും ചെയ്തു. ബോധപൂര്‍വം കെട്ടിച്ചമച്ച ആ അപവാദങ്ങള്‍ സ്വയം കെട്ടടങ്ങി.

ട്രീറ്റൈസ് ഓണ്‍ റേഡിയോ ആക്റ്റിവിറ്റി (1910) എന്ന ബൃഹദ്ഗ്രന്ഥമാണ് മേരിയുടെ പ്രധാന പ്രസിദ്ധീകരണം. മേരിയുടെ മൂത്തമകളായ ഇറേനും ഭര്‍ത്താവായ ഷോലിയോയും (Joliot) മേരി ദമ്പതികളുടെ ഗവേഷണങ്ങള്‍ തുടരുകയും പിന്നീട് നോബല്‍സമ്മാനത്തിന് (1935) അര്‍ഹരാവുകയും ചെയ്തു. രണ്ടാമത്തെ മകളായ ഈവ് ക്യൂറി (1904) ഫ്രഞ്ച് സംഗീതജ്ഞ, ഗ്രന്ഥകാരി എന്നീ നിലകളില്‍ പ്രസിദ്ധയായി. പിയാനോവാദനത്തില്‍ വിദഗ്ധയായ അവര്‍ പാരിസിലും ഫ്രഞ്ച് പ്രോവിന്‍സുകളിലും ബെല്‍ജിയത്തിലും ധാരാളം പരിപാടികള്‍ അവതരിപ്പിക്കുകയുണ്ടായി. 1934 ജൂല. 4-ന് മേരി ക്യൂറി അന്തരിച്ചു. മേരിക്യൂറിയോടുള്ള ആദരസൂചകമായി അവര്‍ക്ക് നോബല്‍ സമ്മാനം ലഭിച്ചതിന്റെ നൂറാം വര്‍ഷമായ 2011 യുണെസ്കോ അന്താരാഷ്ട്ര രസതന്ത്രവര്‍ഷമായി ആചരിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍